യുഗാന്ത്യം

ശ്രീ എൻ കേശവൻ നായർ സാർക്ക് കായിക ലോകത്തിന്റെ ആദരാഞ്ജലി

Sri N Kesavan Nair
ശ്രീ എൻ കേശവൻ നായർ
മുൻ കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ
നീന്തൽ – വാട്ടർ പോളോ – ദേശീയ പരിശീലകൻ
യുഗാന്ത്യം കേരളത്തിൽ നീന്തൽ തുടങ്ങിയ 1953 കളിൽ താരമായും പിന്നീട് പരിശീലക നായും വിവിധ ജില്ലകളിൽ നീന്തൽ പ്രചരിപ്പിച്ചും, പരിശീലിപ്പിച്ചും, കേരള നീന്തലിനെ ദേശീയ തലത്തിലേയ്ക്കുയർത്തിയ പരിശീലകരിൽ ഒരാളായ ശ്രീ എൻ കേശവൻ നായർ കഴിഞ്ഞ ദിവസം വിടവാങ്ങി യപ്പോൾ ഒരു നീന്തൽ യുഗത്തിന്റെ അവസാനമായി. ശ്രീ എൻ കേശവൻ നായർ കേരളത്തിലെ ആദ്യ കാല നീന്തൽ പരിശീലകരിൽ പ്രധാനി. കേരളത്തിലെ ആദ്യ പരിശീലകനും സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന ശ്രീ എൻ പരമേശ്വരൻ നായരുടെ സഹോദരൻ. FACT യിൽ സ്പോർട്സ് ഓഫീസർ ആയിരിക്കെ 1972 ജോലി രാജീവച്ച 1973 ൽ NIS കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കി 1974 ൽ കേരളാ സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ ചേർന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകി. 1976 ൽ പട്ടിയാലയിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ വാട്ടർ പോളോയിൽ കേരളം ആദ്യമായി കിരീടം ചൂടിയപ്പോൾ ഇദ്ദേഹമായിരുന്നു വാട്ടർപോളോ ടീം പരിശീലകൻ, നീന്തലിലും നിരവധി മെഡലുകൾ ലഭിച്ചിരുന്നു. അനവധി ദേശീയ അന്തർ ദേശീയ താരങ്ങളെ പരിശീലിപ്പിച്ചു അദ്ദേഹം പരിശീലിപ്പിക്കാത്ത ഒരു പരിശീലകരും കേരളത്തിൽ ഉണ്ടാകില്ല. കേരളത്തിൽ നീന്തൽ ഡിവിഷൻ ആരംഭിച്ചപ്പോൾ, ഇദ്ദേഹവും, ശ്രീ വി വത്സകുമാറും ആയിരുന്നു പരിശീലകർ. കേരള സീനിയർ ടീമിൻ്റെ മുഖ്യ പരിശീലകനുമായിരുന്നു. നീന്തലിനെക്കാളപരി വാട്ടർ പോളോ ആയിരുന്നു അദ്ദേഹത്തിന്‌ പ്രിയം. പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് എങ്ങനെയും കേരളത്തിനായി മെഡൽ നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 1975 ൽ നടന്ന ത്രിരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇന്ത്യൻ ടീം പരിശീലകൻ, സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ദേശീയ നീന്തൽ പരിശീലകൻ, സെലക്ഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1982 ഏഷ്യൻ ഗെയിംസിന്റെ, മദ്രാസിൽ നടന്ന പ്രാഥമിക ക്യാമ്പിൽ പരിശീലകനാ യിരിന്നു. മത്സര നീന്തലിൽ കേരളത്തിന്റെ സുവർണകാലമായിരുന്ന 1975 - 85 കാലഘട്ടത്തിലെ മികച്ച താരങ്ങളും പിന്നീട് ഇന്ത്യൻ ടീം പരിശീലകർ വരെയായ ശ്രീ കെ കെ മുകുന്ദൻ, ദ്രോണാചാര്യ എസ് പ്രദീപ്കുമാർ, ബി. ബാലചന്ദ്രൻ, വി സുകുമാർ, അർജുന അവാർഡ് ജേതാവ് വിത്സൻ ചെറിയാൻ, ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കെ സോമശേഖരൻ, കെ അലോഷ്യസ്, ജേക്കബ് ടി ജെ, ആർ ജയകുമാർ, ചാവറ സഹോദരങ്ങൾ, എസ് രാധാകൃഷ്ണൻ, ജി.ശ്രീകുമാർ, രമാദേവി പിഷാരസ്യർ, സതികുമാരി, പ്രസന്നകുമാരി,പി സനൽകുമാർ, കെ സുരേഷ് കുമാർ, ജി. ബാബു, ടി. എസ്. മുരളീധരൻ, തുടങ്ങി പല തലമുറകളിലെ അന്തർദേശീയ താരങ്ങൾ, കൊച്ചു കേരളത്തിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ നീന്തൽ രംഗത്തെയും, ഇപ്പോൾ ലോകനീന്തൽ രംഗത്തേയും നിയന്ത്രിക്കുന്നവരിൽ ഒരാളായ ശ്രീ എസ് രാജീവ് ഉൾപ്പടെ നിരവധി ശിഷ്യ സമ്പത്തിനുടമയായിരുന്നു ശ്രീ കേശവൻ നായർ. സ്പോർട്സ് കൗൺസിൽ സ്കോളർഷിപ്പൊടെ GDR ൽ (ജർമൻ ഡെമോക്രറ്റിക് റിപ്പബ്ബിക്) നിന്നും നീന്തലിൽ ഉന്നത പരിശീലനം നേടിയ ഏക മലയാളി നീന്തൽ പരിശീലകൻ കൂടിയാണ് ഇദ്ദേഹം. 1992 ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ്‌, കേരള അക്വറ്റീക്‌ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ പിരപ്പൻകോട് ഡോൾഫിൻ ക്ലബ്‌ പ്രസിഡന്റ്‌ ആയിരുന്നു. പിരപ്പൻകോട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രകുളത്തിൽ ജേഷ്ഠ സഹോദരൻ എൻ പരമേശ്വരൻ നായരിൽ നിന്നും നീന്തൽ വശവത്താക്കി. സംസ്ഥാന ദേശീയ മത്സരങ്ങളിൽ തിളങ്ങി. ശേഷം ആ ഗ്രാമത്തിലെ ചെറുപ്പക്കാരെയും, കുട്ടികളെയും ജലകേളികളിൽ വിദഗ്ധരാക്കി . നിരവധി താരങ്ങളെ വാർത്തെടുത്ത പിരപ്പെൻകോടിന്റെ പെരുതച്ചന് തിരുവനന്തപുരം ശാന്തി കാവടത്തിൽ ചിതയൊരുങ്ങിയപ്പോൾ അവിടെ തടിച്ചുകൂടിയ നീന്തൽ താരങ്ങളും,, കായിക സംഘടകർ മാത്രം മതി കേശവൻ നായർ സാറിന്റെ സ്വീകാര്യത മനസ്സിലാക്കുവാൻ.

ലോക നീന്തല്‍ സംഘടന ടെക്നിക്കല്‍ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത എസ്. രാജീവിനെ അനുമോദിച്ചു

S. Rajeev
S. Rajeev
തിരുവനന്തപുരം: ലോക ലോക നീന്തൽ സംഘടന ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത കേരളത്തിന്റെ അഭിമാനം എസ്. രാജീവിനെ കേരള അക്വാട്ടിക് അസോസിയേഷന്റെ നേതൃത്തെത്തില്‍ അനുമോദിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വെച്ചു നടന്ന ചടങ്ങ് സിവില്‍ സപ്ലൈസ് - പെതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. രാജീവിന്റെ നേട്ടം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു. രാജീവ് ജനിച്ചു വളര്‍ന്ന തിരുവനന്തപുരത്തെ മാണിക്കൽ എന്ന ഗ്രാമം ഒരു അത്ഭുതമാണ്, കായിക മേഖലയ്ക്ക് ഇത്രയും അധികം സംഭാവന ചെയ്ത മറ്റൊരു ഗ്രാമം കേരളത്തിലുണ്ടാകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എസ്. രാജീവ് മറുപടി പ്രസംഗം നടത്തി. മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. നീന്തലിൽ മേഖലയിൽ രാജീവിന്റെ സംഭാവനയും രാജീവിന്റെ നേട്ടങ്ങളും വിജയകുമാർ ശ്ലാകിച്ചു. താൻ കായിക മന്ത്രിയായിരുന്ന കാലഘട്ടത്തിൽ രാജീവ് വിവിധ പദ്ധതികൾ തയ്യാറാക്കുന്ന കാര്യത്തിൽ നിർണായക പങ്കു വഹിച്ച കാര്യം അദ്ദേഹം എടുത്ത് പറഞ്ഞു. ഉത്തർപ്രദേശിന് അനുവദിച്ച 35 മത് ദേശീയ ഗെയിംസ് സംസ്ഥാന സർക്കാറിന്റെ ആഗ്രഹപ്രകാരം കേരളത്തിന്‌ അനുവദിക്കുവാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ യോഗത്തിൽ രാജീവ് എടുത്ത നിലപാട് അദ്ദേഹം ചൂണ്ടികാട്ടി. പന്തളം സുധാകരന്‍ ( മുന്‍ മന്ത്രി), ജിജി തോംസണ്‍ ഐ.എ.എസ് (മുന്‍ ചീഫ് സെക്രട്ടറി), എന്നിവർ രാജീവുമായുള്ള മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി. രാജീവിന്റെ പ്രവർത്തന ശൈലി വളരെ വ്യത്യസ്തമാണെന്നും അത് പുതു തലമുറ മാതൃക ആക്കണമെന്നും അവർ പറഞ്ഞു. ഡോ. ജി കിഷോര്‍ (പ്രിന്‍സിപ്പാള്‍, എല്‍.എന്‍.സി.പി.ഇ), എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ (എക്‌സിക്യുറ്റീവ് ഡയറക്ടര്‍ & വൈസ് പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷന്‍), എസ്. ഗോപിനാഥ് ഐ.പി.എസ് (മുന്‍ ഐ.ജി), കെ.എസ്. ബാലഗോപാല്‍ (വൈസ് പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷന്‍), നജുമുദ്ദീന്‍ (പ്രസിഡന്റ്, കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍), എംഎം. ചാക്കോ (മുന്‍ സെക്രട്ടറി, കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍), ടി.എസ്. മുരളി (സെക്രട്ടറി, കേരള അക്വാട്ടിക് അസോസിയേഷന്‍), ജി. ശ്രീകുമാര്‍ (മെമ്പര്‍, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ) തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് - വർഷ. എസ് ഇന്ത്യൻ വാട്ടർപോളോ ടീം ക്യാപ്റ്റൻ

Varsha S
വർഷ. എസ്
ഇന്ത്യൻ വാട്ടർപോളോ ടീം ക്യാപ്റ്റൻ
അഹമ്മദാബാദിൽ നടന്ന 11മത് ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നീന്തൽ, ഡൈവിങ് വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിംഗ് എന്നിവയിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ വാട്ടർപോളോ ടീമിനെ കേരള താരം എസ്. വർഷ നയിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ഡോൾഫിൻ ക്ലബ്‌ അംഗമാണ് വർഷ. വിദ്യാലക്ഷ്മി. ആർ, സഫാ സക്കീർ, മധുരിമ. എസ്, ഭദ്രസുദേവൻ. എസ്, കൃപ. ആർ. ആർ എന്നിവരായിരുന്നു ഇന്ത്യൻ ടീമിലുള്ള മറ്റ് കേരള താരങ്ങൾ. കേരള ടീം പരിശീലകൻ വിനായക്‌. എസ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകൻ. മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷ ടീമിൽ കേരള താരം ഷിബിൻലാൽ ഉൾപ്പെട്ടിരുന്നു. ഇതിന് പുറമേ മറ്റ് മലയാളി താരങ്ങളായ അനീഷ്ബാബു. എസ് (റെയിൽവേ) അനന്തു. ജി, പ്രവീൺ. ജി ( സർവീസസ്) എന്നിവരും പുരുഷ വാട്ടർപോളോ ടീമിൽ സ്ഥാനം പിടിച്ചു.